ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമാകുമോ‍? ഭരണഘടനയിൽ നിന്ന് മതേതരത്വം എടുത്തു നീക്കണമെന്ന് അറ്റോണി ജനറൽ

0

ധാക്ക: ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്‍റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതേതരത്വവും സോഷ്യലിസവും. രാജ്യത്തിന്‍റെ രാഷ്ട്രപിതാവെന്ന പദവിയിൽ നിന്ന് ഷെയ്ഖ് മുജിബുറിനെ നീക്കണമെന്നും അറ്റോണി ജനറൽ ആവശ്യപ്പെട്ടു.

ഹൈക്കോടതിയിൽ ഒരു കൂട്ടം പൗരന്മാർ സമർപ്പിച്ച റിട്ട് പെറ്റീഷനിലുള്ള വാദം നടക്കുന്നതിനിടെയാണ് അറ്റോണി ജനറലിന്‍റെ പ്രസ്താവന. മുജിബുർ റഹ്മാൻ ബംഗ്ലാദേശിന്‍റെ ശക്തനായ നേതാവാണെന്നതിൽ തർക്കമില്ല, പക്ഷേ അവാമി ലീഗ് അദ്ദേഹത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും അറ്റോണി ജനറൽ ആരോപിച്ചു.

രാജി വച്ച് നാട് വിട്ടു പോയ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കിയ ഭരണഘടനയിലെ പതിനഞ്ചാമത് ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലാണ് കോടതി വാദം കേട്ടത്. കേസിൽ ഇടക്കാല സർക്കാരിന്‍റെ അഭിപ്രായം കോടതി ആവശ്യപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗിന് വമ്പിച്ചഭൂരിപക്ഷമുണ്ടായിരുന്ന കാലത്താണ് ഭരണഘടനയിൽ ഭേദഗതി ചെയ്തത്.