ലോക കാൻസർ ദിനത്തിൽ തലമുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി. മുടി മുറിക്കുന്നതിന്റെ വിഡിയോ സഹിതം താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഭാഗ്യലക്ഷ്മിയെ കുറിച്ചോർക്കുമ്പോൾ എന്നും മനസ്സിൽ ആദ്യം വരുന്ന ചിത്രം കോതിയൊതുക്കി വെച്ചിരിക്കുന്ന നീണ്ട തലമുടിയാണ്. ഇത്രയുംനാൾ പരിപാലിച്ചിരുന്ന തലമുടി ദാനം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിക്കുന്നത് ഇങ്ങനെ
‘ഒരുപാട് കാലമായി തലമുടി ദാനം ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ പലരോടും ഇതിനെക്കുറിച്ച് പറയുമ്പോൾ ചേച്ചിക്ക് തലമുടിയുള്ളതാണ് ഭംഗി, വെട്ടിക്കളയരുതെന്നൊക്കെ പറയും. തലമുടി പിന്നിയിടുമ്പോഴും അഴിച്ചിടുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടും. ഇതൊക്കെ കേട്ടുകഴിയുമ്പോൾ തലമുടി മുറിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവലിയും. ഇത്തവണ പക്ഷെ ആരോടും അഭിപ്രായം ചോദിക്കാൻ പോയില്ല.’–ഭാഗ്യലക്ഷ്മി പറഞ്ഞു.
‘കാൻസർ ബോധവത്കരണ പരിപാടിയിൽ മുഖ്യാതിഥി ആയാണ് ഞാൻ പോയത്. അവിടെ ചെന്നിട്ടാണ് അവരോട് ഞാൻ തലമുടി ദാനം ചെയ്യാൻ തയാറാണെന്ന് പറയുന്നത്. വെറുതെ പറച്ചിൽകൊണ്ടുമാത്രം കാര്യമില്ലല്ലോ, പ്രവർത്തിക്കുകയും വേണ്ടേ. എന്റെ വീട്ടിൽ രണ്ടു മൂന്ന് കാൻസർ രോഗികളുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് കാൻസറായിരുന്നു. അന്ന് തലമുടി പോയപ്പോൾ അമ്മയുടെ വിഷമം ഞാൻ കണ്ടതാണ്. കാൻസർ രോഗികളുടെ മാനസികപ്രയാസം എനിക്ക് അറിയാം.’
‘ഞാന്‍ ആ പരിപാടിയിൽ ചെന്നപ്പോൾ തലമുടി ദാനം ചെയ്യാനായി ആദ്യം എത്തിയത് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ആ കുട്ടിയ്ക്ക് ഇല്ലാത്ത വിഷമം അമ്പത് വയസായ എനിക്ക് എന്തിനാണ്. തലമുടി ദാനം ചെയ്തതിൽ എനിക്കൊരു വിഷമവുമില്ല. ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോയെന്ന സന്തോഷമേയുള്ളൂ. ഭാവിയിൽ കിഡ്നി കൂടി ദാനം ചെയ്താൽ കൊള്ളാമെന്നുണ്ട്-.’ ഭാഗ്യലക്ഷ്മി പറയുന്നു.