തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുട ക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റ് ആവശ്യസര്‍വീസുകള്‍ എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. . വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ അഭ്യര്‍ഥിച്ചിരുന്നു.
അതേ സമയം തിങ്കളാഴ്ച്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടാവുകയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലിസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം സര്‍വ്വീസ് നടത്തുമെന്ന് കെസ്എസ്ആര്‍ടിസി അറിയിച്ചു.