തിയറ്ററില്‍ പരാജയം, പക്ഷേ ഒടിടിയില്‍ അടിച്ചുകേറി ആ മലയാള ചിത്രം

0

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി നേടാറുണ്ട്. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭരതനാട്യം എന്ന ചിത്രം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്റര്‍ റിലീസിലും മികച്ച റിവ്യൂസ് ആണ് ലഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഒരു തള്ളല്‍ തിയറ്ററുകളിലേക്ക് ഉണ്ടായില്ല. അതിനാല്‍ത്തന്നെ വലിയ ബോക്സ് ഓഫീസ് വിജയവുമായില്ല ചിത്രം. എന്നാല്‍ ഒടിടിയിലേക്ക് എത്തിയപ്പോള്‍ കളി മാറി.

സെപ്റ്റംബര്‍ അവസാനമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്. സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളില്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ചിത്രം കാണാനാവും. സിംപ്ലി സൗത്തിലൂടെ ജിസിസിയിലും മിഡില്‍ ഈസ്റ്റിലും. മനോരമ മാക്സിലൂടെ ലോകമെമ്പാടും ചിത്രം കാണാനാവും. ഇപ്പോഴിതാ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ഇതിനകം നേടിയിട്ടുള്ള കാഴ്ചാ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രൈം വീഡിയോയില്‍ ചിത്രം ഇതിനകം 50 മില്യണ്‍ മിനിറ്റുകളിലധികം (5 കോടി) സ്ട്രീം ചെയ്തുകഴിഞ്ഞു. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കോമഡിക്ക് പ്രാധാന്യമുള്ള ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നായകനായ ചിത്രത്തിലെ ഭരതന്‍ നായര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാര്‍ ആണ്. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.