ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര(82) അന്തരിച്ചു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ബിഹാറിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ബിഹാര്‍ കോണ്‍ഗ്രസിലെ ജനകീയനായിരുന്ന ജഗന്നാഥ് മിശ്ര മൗലാന എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ട അദ്ദേഹം എന്‍സിപിയിലും പിന്നീട് ജെഡിയുവിലും പ്രവര്‍ത്തിച്ചു.
കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം കുറ്റക്കാരനായി കണ്ടെത്തിയ വ്യക്തിയാണ് മിശ്ര. 2013 ലെയും 2018ലെയും കാലിത്തീറ്റ കുംഭകോണ കേസിൽ മിശ്രയെ പ്രതി ചേർത്തിരുന്നു. ഡിസംബർ 23 2017ൽ ലാലു പ്രസാദിനെ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയപ്പോൾ മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
മൂന്നു തവണ ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുള്ള ജഗന്നാഥ് മിശ്ര കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ ലളിത് നാരായണ്‍ മിശ്ര ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ നിതീഷ് മിശ്ര ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെ തുടര്‍ന്ന് ബിഹാറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.