തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന എക്സിക്യൂട്ടീവിൽ മറ്റു പേരുകളോന്നും ഉയരാത്ത സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തെ തന്നെ ചുമതല ഏൽപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
ബിനോയ് വിശ്വത്തിന്‍റെ നിയമനത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്.പാർട്ടി കീഴ്‌വഴക്കം ലംഘിച്ചാണു നിയമനമെന്നും താൽക്കാലിക ചുമതല ബിനോയിക്കു നൽകേണ്ട അടിയന്തര ആവശ്യം ഉണ്ടായിരുന്നില്ലെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന കൗൺസിലിന്‍റെ യോഗത്തിലാണ് പുതിയ സെക്രട്ടറിയെ ഔദ്യോഗികമായി തെരഞ്ഞെടുത്തത്.
കാനം രാജേന്ദ്രന്‍റെ മരണത്തിനു പിന്നാലെ കോട്ടയത്തു ചേർന്ന അടിയന്തരമായി സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് ബിനോയിക്കു സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു.സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇതിനു മുൻകയ്യെടുത്തു. തിരക്കു പിടിച്ച നിയമനം ആവശ്യമില്ലായിരുന്നെന്നാണ് ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ഉൾപ്പെടെ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഭൂരിപക്ഷം ബിനോയ് വിശ്വത്തിന് അനുകൂലമായിരുന്നു.