സാമൂഹ്യപ്രവർത്തകനും പരിഷ്കർത്താവുമായ മഹാത്മ ജ്യോതിറാവു ഗോവിന്ദറാവു ഫുലേയുടേയും അദ്ദേഹത്തിന്റെ പത്നി സാവിത്രി ബായി ഫുലേയുടേയും ജീവിതം സിനിമയാവുന്നു.
ഫുലേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രതീക് ഗാന്ധിയും പത്രലേഖയുമാണ് പ്രധാനവേഷത്തിൽ. ആനന്ദ് മഹാദേവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഫുലേയുടെ 195-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഫുലേയുടേയും സാവിത്രിബായിയുടേയും രൂപത്തിലുള്ള പ്രതീകും പത്രലേഖയുമാണ് പോസ്റ്ററിൽ. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രതീക് പ്രതികരിച്ചു. ബയോപിക് എന്ന രീതിയിൽ തന്റെ ആദ്യ ചിത്രമാണിതെന്നും വെല്ലുവിളികൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനതയെ അത്തരം അപ്രശസ്ത നായകരിലേക്ക് അടുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി സിനിമകളാണ്. ഇന്ത്യയുടെ സാമൂഹിക വിപ്ലവത്തിന് വഴിവിളക്കായ ഫുലേയേയുംസാവിത്രി ബായിയേും അവതരിപ്പിക്കാൻ ഇതിലും നല്ല താരങ്ങൾ വേറെയില്ലെന്നും സംവിധായകൻ പറഞ്ഞു.