ധീരനായ സേന നായകൻ: വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യസംയുക്ത സേനാമേധാവി

0

കർക്കശ്യവീര്യവും ഉറച്ച നേതൃപാടവവുമുള്ള ധീരനായകൻ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി, ‘മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ്’….ഇങ്ങനെ വിശേഷണങ്ങളേറെയായിരുന്നു ബിപിന്‍ റാവത്തിന്. അദ്ദേഹത്തിന്റെ മരണം തികച്ചും അപ്രതീക്ഷിതമായതിന്‍റെ ഞെട്ടലിലാണ് നമ്മുടെ രാജ്യം…ഊട്ടിക്കു സമീപം കുനൂരിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്ത അപകടം. ഒരിക്കല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ബിപിന്‍ റാവത്ത് വീണ്ടും തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യമെങ്കിലും എല്ലാവരെയും നിരാശരാക്കിക്കൊണ്ട് ധീരനായ സേന നായകൻ വീരചരമം പ്രാപിക്കുകയായിരുന്നു. അവസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങി സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ് സേവനകാലാവധി ഒരുവര്‍ഷം ബാക്കി നില്‍ക്കെ നീലഗിരി കുന്നിലെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ നമുക്ക് നഷ്ടമായതെന്ന് പറയാതെവയ്യ.

ഉത്തരാഖണ്ഡിലെ പൗഡിൽ 1948 മാര്‍ച്ച് 16നായിരുന്നു ബിപിൻ റാവത്തിന്‍റെ ജനനം. ഡെറാഡൂണിലെ കാബ്രിയാൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫൻസ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം. മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടിയാണ് സൈനിക വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിന്‍റെ കാവൽക്കാരനിലേക്കുള്ള യാത്ര. പ്രതിരോധ വിഭാഗത്തിൽ എംഫിലും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപൂര്‍വ്വം സേന തലവന്മാരിൽ ഒരാൾ കൂടിയായിരുന്നു റാവത്ത്.

2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം.

നാല് ദശകം നീണ്ട സൈനിക സേവനത്തിടെ ബ്രിഗേഡിയർ കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് സത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി, ജൂനിയ‌ർ കമാൻഡ് വിംഗിലെ സീനിയർ ഇൻസ്ട്രക്ടർ എന്നീ ചുമതലകൾ വഹിച്ചു. യുഎൻ സമാധാന സേനയുടെ ഭാഗമായി കോംഗോ ഡെമോക്രാറ്റിക് റിപ്ലബിക്കിലും ബിപിൻ റാവത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1987 ചൈന-ഇന്ത്യ യുദ്ധം, കോംഗോയിലെ യുഎന്‍ മിഷന്‍, 2015 മ്യാന്‍മര്‍ ആക്രമണങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ സൈനിക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ്. കരസേനാ മേധാവി എന്ന നിലയില്‍ നിരവധി രാജ്യങ്ങളില്‍ ഉഭയകക്ഷി സന്ദര്‍ശനങ്ങളും ബിപിന്‍ റാവത്ത് നടത്തിയിട്ടുണ്ട്. 42 വര്‍ഷത്തിലേറെ നീണ്ട തന്‍റെ സൈനിക ജീവിതത്തില്‍ പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.