പക്ഷികള്‍ മരിക്കുന്നത് എവിടെ പോയാണ് ?

1

എപ്പോഴെങ്കിലും ഈ സംശയം തോന്നിയിട്ടുണ്ടോ ? കാക്കയോ വവ്വാലോ മറ്റോ ഇടക്ക് ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടാകും. പക്ഷെ മറ്റു പക്ഷികള്‍ മരിച്ചു കിടക്കുന്നത് കണ്ടിട്ടുള്ളത് അപൂര്‍വ്വമായാകും.

വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രം ആയുസ് ആണ് കൂടുതല്‍ പക്ഷികള്‍ക്കുള്ളത്.ഏറ്റവും കൂടുതല്‍ പ്രായം ജീവിക്കുന്നത് ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ്. ഇവ 64 വര്‍ഷത്തിന് മുകളില്‍ ജീവിക്കും. പ്രായം രണ്ട് കടക്കുമ്പോള്‍ തന്നെ ചെറിയ കിളികളുടെ ജീവിതം അവസാനിച്ചിട്ടുണ്ടാകും.

പറക്കുന്നതിനിടയില്‍ ചത്ത് വീഴുകയല്ല പക്ഷികള്‍. കൂടുതലും പക്ഷികള്‍ അവരുടെ അവസാനം അടുത്തെന്ന് മനസിലാക്കി ഏകാന്തവാസത്തിലായിരിക്കുമെന്നാണ് കരുതുന്നത്. മറ്റുപക്ഷികളെയും മനുഷ്യരെയും ഒഴിവാക്കി ഏകാന്ത താവളങ്ങള്‍ കണ്ടെത്തുകയാണ് ചെറിയ പക്ഷികള്‍ ചെയ്യുന്നത്. കുറ്റിക്കാടുകളോ, മരത്തിലെ പോടുകളോ പക്ഷികള്‍ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുക്കും.

പറക്കാന്‍ കഴിയുന്ന ജീവികള്‍ ആയതുകൊണ്ടു പക്ഷികള്‍ക്ക് ശരീരഭാരം വളരെക്കുറവാണ്. ഭാരം കുറഞ്ഞ അസ്ഥികളും കൂടുതല്‍ തൂവലുകളും ഉണ്ട്. മാംസം വളരെ കുറവാണ്. ചത്തുപോകുന്നതോടെ തൂവലുകളും മാംസവും എളുപ്പത്തില്‍ അഴുകി ഇല്ലാതാകുന്നു. ശരീരത്തില്‍ കൂടുതല്‍ മാംസം ഉള്ള ജീവികളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ഈ പ്രക്രിയകള്‍ നടക്കും.

അസുഖ ബാധിതരായിക്കഴിഞ്ഞാല്‍ പക്ഷികള്‍ വിശ്രമത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വിശ്രമം പക്ഷികളെ അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കാറുണ്ട്. മരംകൊത്തി പൊത്തിനുള്ളില്‍ ഇരിപ്പുറപ്പിക്കുന്നതും ചില കിളികള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. പറക്കാന്‍ വയ്യാതാകുമ്പോള്‍ പൂച്ച, പട്ടി, പാമ്പ് എന്നിങ്ങനെ മറ്റു ജീവികള്‍ക്ക് പക്ഷികള്‍ ഇരയാകും.