ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുത്തറ മരിച്ചനിലയില്‍. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതമാണെന്ന ആരോപണത്തില്‍ ഉറച്ച് വൈദികന്റെ കുടുംബം.
ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയ ശേഷം ഫ്രാങ്കോയ്‌ക്കൊപ്പമുള്ള വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അതിഭീകരമായ രീതിയില്‍ ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും ഫാ.കുര്യക്കോസിന്റെ ബന്ധുവായ ഒരു വൈദികന്‍ അറിയിച്ചു. ജലന്ധറിലെ ഭോഗ്പൂര്‍ പള്ളിയില്‍ സേവനം അനുഷ്ഠിച്ചു പോന്നിരുന്ന ഫാദര്‍ കുര്യാക്കോസിനെ സ്വന്തം മുറിയില്‍ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങളാണ് വൈദികന്റെ മരണകാരണമായി രൂപത പ്രതിനിധികള്‍ പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ ജോസ് കാട്ടുതറയടക്കമുള്ള ബന്ധുക്കള്‍ ഇത് നിഷേധിക്കുകയാണ്.
ഫ്രാങ്കോയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു.മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനുമാണ് ഇദ്ദേഹം. ഫാ.കുര്യക്കോസിന് നേരെ ആക്രമണവും നടന്നതായി അവിടെ നിന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.