കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ഏറ്റവും അവസാനം ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ച കെ. മുരളീധരൻ എംപിയാകുമെന്ന സൂചനകളാണു വരുന്നത്. പക്ഷേ, ഡൽഹിയിൽ തങ്ങുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും വരെ ഇതു സംബന്ധിച്ച സസ്പെൻസിന് അന്ത്യമുണ്ടാവില്ല.
ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും കോണ്‍ഗ്രസിലെയും ബിജെപിയിലെയും തര്‍ക്കം കാരണം പട്ടിക നീണ്ടുപോവുകയായിരുന്നു. സാധ്യതാപ്പട്ടികയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാവുമ്പോഴേക്കും പലയിടത്തും ശക്തമായ പ്രതികരണങ്ങള്‍ക്കാവും സാക്ഷ്യം വഹിക്കുക.
പട്ടാമ്പിയും നിലമ്പൂരും ഒഴികെ കോൺഗ്രസ് മത്സരിക്കുന്ന 89 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്നു പ്രഖ്യാപിക്കുക. കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും തൃപ്പൂണിത്തുറയിൽ കെ. ബാബുവും വട്ടിയൂർക്കാവിൽ കെ.പി. അനിൽകുമാറും മത്സരിച്ചേക്കും. ഇന്നലെ രാത്രിയും നീണ്ട ചർച്ചകളിൽ ഇതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നാണു സൂചനകൾ.
ബിജെപിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തു മത്സരിക്കുമെന്നാണു കേൾക്കുന്നത്. കോന്നിയിലും സുരേന്ദ്രന്‍റെ പേര് ഉൾപ്പെടുത്തിയിരുന്നു. പ്രസ്റ്റീജ് മണ്ഡലമായ നേമത്തിന്‍റെ സാധ്യതാ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തിയാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ടം ചർച്ച നടത്തിയത്. നേമത്ത് സുരേഷ് ഗോപിയാണെങ്കിൽ കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിലെത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥാനാർഥിയാകുമോ എന്നും ഇന്നറിയാം. സ്ഥാനാർഥിയാകുന്നുവെങ്കിൽ അത് കഴക്കൂട്ടത്ത് ആകാനാണു സാധ്യത.
തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർഥിയായേക്കും. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, കോഴിക്കോട് നോർത്തിൽ എം.ടി. രമേശ്, ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരേ സി.കെ. പദ്മനാഭൻ, തൃപ്പൂണിത്തുറയിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിങ്ങനെയാണ് നേതൃത്വം പരിഗണിച്ച മറ്റ് നേതാക്കളും മണ്ഡലങ്ങളും.