ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

0

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒഡീഷയില്‍നിന്നുള്ള ആദിവാസി നേതാവും മുന്‍ മന്ത്രിയുമാണ്.

20 പേരുകളിന്‍മേല്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവുന്ന ആദ്യ ഗോത്ര വനിതയാണ് മുര്‍മു. 2000 മുതല്‍ 2006 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ദ്രൗപതി മുര്‍മു.

2015 മെയ് 18 നാണ് ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണറായി ചുമതലയേറ്റത്. 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ജനനം. സന്താള്‍ വശജയാണ് ഇവര്‍. ബിജെപിയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുന്നത്. ജാര്‍ഖണ്ഡ് ഗവര്‍ണറാവുന്ന ആദ്യവനിതയും ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുര്‍മു. ഒഡീഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു. എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം മുതല്‍തന്നെ പരിഗണനയിലുണ്ടായിരുന്ന പേരാണ് ദ്രൗപതി മുര്‍മുവിന്റേത്.