‘പാകിസ്താനി ഭാര്യയുടെ ചിത്രം സുലൈമാൻ ഹാജി മറച്ചുവച്ചു’; ചിത്രങ്ങൾ പുറത്തുവിട്ട് വി മുരളീധരൻ, വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം

0

കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജി പാകിസ്താൻ സ്വദേശിനിയായ തൻ്റെ രണ്ടാം ഭാര്യയുടെ വിവരം മറച്ചുവെച്ചു എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുലൈമാൻ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്പോർട്ട് വിവരങ്ങളും വി മുരളീധരൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു.

കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയുള്ള സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്താനിയുടെ വിശദാംശങ്ങൾ നാമനിർദ്ദേശത്തിൽ മറച്ചു വച്ചു. ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയൻറെ നിശബ്ദത അതിശയിക്കാനില്ല.’- വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. എംഎൽഎ ആകാൻ തയ്യാറെടുക്കുന്ന ഒരാൾ ഒരു വിദേശപൗരൻറെ ഐഡൻറിറ്റി മറച്ചു വയ്ക്കുമ്പോൾ ജനങ്ങൾക്ക് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണ് എന്ന് മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരെ ടാഗ് ചെയ്താണ് മുരളീധരൻ്റെ ട്വീറ്റ്.

ഇതേ കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി ൻലകിയിരുന്നു എങ്കിലും വരണാധികാരി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. യുഡിഎഫ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സ്ഥാനാർത്ഥിക്ക് എതിരായ ആരോപണങ്ങൾ തെറ്റെന്ന് വരണാധികാരി വ്യക്തമാക്കി.