അങ്കാറ: തുര്‍ക്കിയിലെ ചരിത്ര പ്രാധാന്യമുള്ള പ്രധാന നഗരമായ ഇസ്താംബുളിൽ സ്ഫോടനം. സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരുക്കേറ്റു. ആളുകൾ നടന്നുപോകുന്ന തിരക്കേറിയ നഗര പ്രദേശമായ ടാക്സിം സ്ക്വയറിലാണ് സ്ഫോടനം നടന്നത്.
വൈകിട്ട് നാല് മണിയോടെയാണ് നടുക്കുന്ന സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര് പങ്കുവെച്ചിട്ടുണ്ട്. തെരുവിലൂടെ ആളുകൾ നടന്നു നീങ്ങുന്നതും അകലെ പൊട്ടിത്തെറിയുണ്ടാകുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ പരിക്കേറ്റ് വീണവരെയും കാണാം.