രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കൗമാരക്കാരെ ലക്ഷ്യമിട്ട് ‘ബ്ലൂ വെയ്ല്‍’ ഗെയിം; സൂയിസൈഡ് ഗെയിമിനെക്കുറിച്ച് കടുത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

0

പുതുതലമുറയിലെ കുട്ടികള്‍ വീഡിയോ ഗെയ്മുകള്‍ക്ക് വളരെയധികം അടിമപെട്ട അവസ്ഥയാണ്. പലപ്പോഴും ഭക്ഷണം പോലും വേണ്ടെന്നു വെച്ചാണ് കുട്ടികള്‍ ഗെയ്മുകള്‍ക്ക് മുന്നിലിരിക്കുന്നതും. ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. പോക്കിമോനും കാന്‍ഡി ക്രഷുമൊക്കെ എല്ലാവര്ക്കും ഹരമായി മാറിയ കാലമാണിത്.

എന്നാല്‍ വെറുമൊരു നേരംപോക്ക് എന്ന നിലയില്‍ നിന്നും ആളെ കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ചില ഗെയ്മുകള്‍. നിങ്ങളുടെ കുട്ടികള്‍ മണിക്കൂറുകള്‍ വീഡിയോ ഗെയ്മുകള്‍ക്ക് മുന്നില്‍ സമയം ചിലവിടുമ്പോള്‍ രക്ഷിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ബ്ലൂ വെയ്ല്‍ ഗെയിം എന്ന ഒരു അപകടകരമായ ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ഇത് പറയാന്‍ കാരണം. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം.അമ്പത് ദിവസം നീണ്ടുനില്‍ക്കുന്നതാണിത്. കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ തുനിയുക വരെ ചെയ്യും എന്നതാണ് ഇതില്‍

ഒളിഞ്ഞിരിക്കുന്ന അപകടം. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.തിമിംഗലത്തിന്റെ രൂപത്തില്‍ ശരീരത്തില്‍ മുറിവേല്‍പിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്പത് ദിവസങ്ങള്‍ നീളുന്ന, അമ്പത് ഘട്ടങ്ങളാണത്രെ ഇതില്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ സ്വയം ജീവനെടുക്കാനായിരിക്കും വെല്ലുവിളി. അത് കേട്ട് അനേകം കുട്ടികള്‍ ഇതിനകം തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-2016 വര്‍ഷങ്ങളില്‍ റഷ്യയില്‍ നടന്ന കുട്ടികളുടെ ആത്മഹത്യത്തില്‍ 130 എണ്ണം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായിട്ടാണോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്.  ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍  ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഏത് രാജ്യത്ത് നിന്നാണ് ബ്ലൂ വെയ്ല്‍ ഗെയിം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന കാര്യത്തിലും ഇപ്പോഴും സ്ഥിരീകരണമില്ല. പക്ഷേ ഇവര്‍ ലക്ഷ്യമിടുന്നത് കൗമാരക്കാരായ കുട്ടികളെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സീക്രട്ട് ഗ്രൂപ്പ് ആയിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായിട്ടാണ് മത്സരങ്ങള്‍. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയില്‍. ഒരിക്കല്‍ ഗെയിം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനാകില്ല എന്നതാണ് സ്തിതി. ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടുന്നതല്ല ഈ ഗെയിം എന്നതാണ് ഏറ്റവും ഭീകരം. കുട്ടികള്‍ ഈ സംഘത്തിന് കീഴ്‌പ്പെട്ടോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല എന്നതും അപകടത്തിന്റെ ആഴം കൂട്ടുന്നു.