ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

0

ലണ്ടന്‍: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ചുമതല വിദേശകാര്യ മന്ത്രി ഡൊമനിക് റാബിന് കൈമാറി.

ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. പനി മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഇദ്ദേഹം കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.