ആലപ്പുഴയിൽ വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം, പതിനഞ്ചുകാരൻ മരിച്ചു

0

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു.15 വയസ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. പാണാവള്ളിയിൽ നിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ​ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെത്തുടർന്നാണ് രോ​ഗമുണ്ടായതെന്നാണ് പ്രാഥമിക വിവരമെമെന്ന് ബന്ധുക്കൾ പറഞ്ഞു.

2017 ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവാറുള്ളത്. പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.