ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം സ്വന്തമാക്കി മഞ്ഞപ്പട

0

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക കിരീടത്തിൽ ഒൻപതാം തവണയും മുത്തമിട്ട് ബ്രസീൽ. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ആതിഥേയർ സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിയുന്നത്. എവർട്ടൺ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിൻ്റെ ഗോൾ സ്കോറർമാർ. പതിനഞ്ചാം മിനിറ്റിൽ എവർട്ടന്റെ ഗോളിലാണ് ബ്രസിൽ ആദ്യം ലീഡ് നേടിയത്.

70ാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസ് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പുറത്തായി . ഒരു ഗോള്‍ നേടുകയും ഒരുഗോളിന് വഴിയൊരുക്കുകയും ചെയ്ത ജിസ്യൂസ് തന്നെയാണ് കളിയിലെ താരം. ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ടാണ് കാനറിക്കൾക്ക് ആഘോഷിക്കാൻ ബ്രസിൽ കിരീടം ചൂടിയത്.2007ന് മുന്നേ 1919,1922,1949,1989,1997,1999,2004 എന്നീ വര്‍ഷങ്ങളിലാണ് ബ്രസീല്‍ കോപ്പ കീരീടം കൈക്കലാക്കിയത്.

ബ്രസീല്‍ തങ്ങളുടെ റെക്കോര്‍ഡ് നിലനിര്‍ത്തിയപ്പോള്‍ പെറുവിന് സ്വന്തം റെക്കോര്‍ഡ് നിലനിര്‍ത്താനായില്ല. ഫൈനലിലെത്തിയപ്പോളെല്ലാം തന്നെ പെറു നേരത്തെ കിരീടം നേടിയിരുന്നു. ഇക്കുറി അതിന് സാധിച്ചില്ല. 1939ലും 1975ലും ആയിരുന്നു പെറു കിരീടം നേടിയത്.

പെറു ഗോൾമുഖത്തേക്ക് ഇരച്ചു കയറുന്ന ബ്രസീലിനെ ഫലപ്രദമായി തടഞ്ഞു നിർത്തുന്ന കാഴ്ചയ്ക്കാണ് കളിയുടെ തുടക്കത്തിൽ നമ്മൾ കണ്ടതെങ്കിൽകൂടി പെറുവിൻ്റെ ഡിഫൻസ് ആദ്യമായി താളം തെറ്റിയത് 15ആം മിനിട്ടിൽ ആഞ്ഞടിച്ച ഗബ്രിയേൽ ജീസസ് ഫാർ പോസ്റ്റിലേക്ക് തൊടുത്ത ക്രോസാണ്. വലതു പാർശ്വത്തിൽ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് കൊടുത്ത നീളൻ ക്രോസാണ് ഗോളിന് വഴിവച്ചത്. പോസ്റ്റിന് മുന്നിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന് എവർട്ടണ് ഓപ്പൺ പോസ്റ്റിലേയ്ക്ക് പന്ത് ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടിയിരുന്നുള്ളൂ.

42ാം മിനിറ്റില്‍ പെനാൽട്ടി ആക്രമണത്തിലൂടെ പൗലോ ഗുരേരോ പെറുവിനെ ഒപ്പമെത്തിച്ചു. ബോക്സിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടെ നിലത്തു വീണ തിയാഗോ സിൽവയുടെ കയ്യിൽ പന്ത് തട്ടിയതിനെത്തുടർന്ന് റഫറി വാറിൻ്റെ പെനൽട്ടി സ്പോട്ടിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത ഗ്വരേരോ വലത്തോട്ട് ചാടിയ അലിസണെ കബളിപ്പിച്ച് പന്ത് ലെഫ്റ്റ് നെറ്റിൻ്റെ ബോട്ടം റൈറ്റ് കോർണറിലേക്ക് പായിച്ചു.

എന്നാൽ, തൊട്ടടുത്ത മിനുട്ടിൽ തന്നെ ബ്രസിൽ ഈ ഗോളിന് അവർ പകരംവീട്ടി. മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ ആര്‍തര്‍ ബോക്സിന്റെ തൊട്ടുമുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പന്ത് ജീസസിന് ചിപ്പ് ചെയ്തുകൊടുത്തു. ഓടിക്കൂടിയ മൂന്ന് പെറുവിയന്‍ താരങ്ങള്‍ക്കിടയിലൂടെ വലയിലേയ്ക്ക് പന്ത് തൊടുത്തുവിടാൻ ജീസസിനു കഴിഞ്ഞു.

ജീസസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി മൈതാനത്തിന് പുറത്തുപോയതിന് ശേഷം അവസാനത്തെ 20 മിനിറ്റ് ബ്രസീൽ പത്ത് പേരുമായാണ് കളിച്ചത്. തൊണ്ണൂറാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി പിഴയ്ക്കാതെവലയിലാക്കി പകരക്കാരൻ റിച്ചാർലിസൺ ബ്രസീലിന്റെ ജയം ഉറപ്പിച്ചു.