റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും സാധാരണ നിലയില്‍ തുടരാന്‍ കഴിയുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗത്തെ നിസാരവല്‍ക്കരിച്ച ലോകനേതാക്കളില്‍ പ്രമുഖനാണ് ജൈര്‍ ബോല്‍സൊനാരോ. ലോക്ഡൗണ്‍ അടക്കമുളള നിയന്ത്രണങ്ങളെ എതിര്‍ത്തിരുന്ന ജൈര്‍ ബോല്‍സൊനാരോയുടെ നിലപാടുകളെ എതിര്‍ത്ത് കഴിഞ്ഞ ഏപ്രിലിനുശേഷം ആരോഗ്യമന്ത്രിസ്ഥാനത്തുന്ന് രണ്ട് ഡോക്ടര്‍മാര്‍ രാജിവച്ചിരുന്നു. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുന്‍കരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായരണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 65,000ല്‍ അധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 16 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.