പറ്റ്ന: ബിഹാർ തലസ്ഥാനമായ പറ്റ്നയിൽ ഗംഗാനദിക്കു കുറുകെ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു. ഭക്ത്യാർപുർ- താജ്പുർ ഗംഗ മഹാസേതുവിന്‍റെ തൂണുകളിലൊന്നാണ് ഗർഡർ സ്ഥാപിക്കുന്നതിനിടെ തകർന്നത്. ബിഹാർ റോഡ് വികസന കോർപ്പറേഷന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണമാണിത്. ആളപായമില്ലെന്നും തകർന്ന തൂണ് മാറ്റി പുതിയത് നിർമിക്കുമെന്നും കോർപ്പറേഷൻ. ഇതുവരെ നിർമിച്ച തൂണുകളുടെ ഉറപ്പ് വീണ്ടും പരിശോധിക്കുമെന്നും അധികൃതർ.
ബിഹാറിൽ ഒരു വർഷത്തിനിടെ നിർമാണത്തിലിരുന്നതും പൂർത്തിയാക്കിയതുമായ നിരവധി പാലങ്ങൾ തകർന്നിരുന്നു. 2021ൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിർമാണോദ്ഘാടനം നിർവഹിച്ചതാണ് 5.57 കിലോമീറ്റർ നീളമുള്ള ഭക്ത്യാർപുർ- താജ്പുർ പാലം. സമസ്തിപ്പുരിലെ ദേശീയ പാത 28നെയും പറ്റ്നയിലെ ദേശീയ പാത 31നെയും ബന്ധിപ്പിക്കുന്ന പാലത്തിന് 1602 കോടി രൂപയാണ് ചെലവ്.