ലണ്ടൻ ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി എംപി ഡേവിഡ് ആമസ് (69) പൊതു ചടങ്ങിനിടെ കുത്തേറ്റു മരിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ബ്രിട്ടനിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ്.
എസെക്സ് കൗണ്ടിയിലെ മണ്ഡലമായ സൗത്തെൻഡ് വെസ്റ്റിലുള്ള ലീ ഓൺ സീയിലെ പള്ളിയിൽ വോട്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആമസിനെ ഒരു യുവാവ് (25) ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പലവട്ടം കുത്തേറ്റ എംപി സംഭവസ്ഥലത്തു തന്നെ മരിച്ചു.
2016 ൽ ബ്രെക്സിറ്റ് ഹിതപരിശോധനയുടെ പ്രചാരണത്തിനിടെ ലേബർ പാർട്ടി വനിതാ എംപി ജോ കോക്സിനെ അക്രമി വെടിവച്ചും കുത്തിയും കൊലപ്പെടുത്തി. എല്ലാ മാസവും 2 തവണ വോട്ടർമാരുമായുള്ള കൂടിക്കാഴ്ച നടത്തുന്ന പതിവുണ്ടായിരുന്നു ആമസിന്. 1983 ൽ ആദ്യം എംപിയായ ആമസ് 1997 മുതൽ പ്രതിനിധീകരിക്കുന്നത് സൗത്ത് എൻഡ് വെസ്റ്റിനെയാണ്.