ന്യൂഡൽഹി ∙ വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതൽ ഞായറാഴ്ച വൈകുന്നേരം 7.30 വരെയാണ് സംപ്രേഷണ വിലക്ക്. 2 ചാനലുകൾക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നൽകിയിരുന്നു. മറുപടി കേട്ടശേഷമാണ് നടപടി. നിലവില്‍ ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗു നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേബില്‍ ടി.വി നെറ്റ വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്. മീഡിയ വണ്ണിന്റെ ദല്‍ഹി കരസ്‌പോണ്‍ണ്ടന്റ് ആയ ഹസ്‌നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചും നോട്ടീസില്‍ പറയുന്നുണ്ട്.
വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും ഉത്തരവിൽ പറയുന്നു.