ബഡ്ഡി ബോയ്സ് ഫിലാഡൽഫിയൻ ഓണാഘോഷം: മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു

1

ഫിലാഡൽഫിയ: നൂറുകണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളുടെ അഭയ സ്ഥാനീയനും, മോട്ടിവേഷണൽ സ്പീക്കറും, ലോക പ്രശസ്ത മാന്ത്രികനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഫിലഡൽഫിയ മലയാളികളുടെ അഭിമാനമായ ബഡ്ഡി ബോയ്സ് ഓണാഘോഷത്തിന് തിരിതെളിയിച്ചു.

ബഡ്ഡി ബോയ്സ് അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഫിലഡൽഫിയയിൽ എത്തുമെന്ന മുതുകാടിന്റെ വിഡിയോ സന്ദേശം നേരത്തെതന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ സൗഹൃദ കൂട്ടായ്മയായ ബഡ്ഡി ബോയ്സ് ഫിലഡൽഫിയയുടെ ഈ ഉദ്യമത്തിന് അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണാഘോഷം എന്ന പ്രത്യേകതകൂടിയുണ്ട്.

ഓഗസ്റ്റ് 14ന് വൈകിട്ട് മൂന്നു മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാർത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷ പരിപാടികൾ അരങ്ങേറിയത്. ചടങ്ങിൽ ”യു എൻ”-ൽ ബാലാവകാശ പ്രസംഗം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കൻ മലയാളി വിദ്യാർത്ഥിനി എയ്മിലിൻ തോമസ് ന് ബഡി ബോയ്സ് ന്റെ ആദരവുകളടങ്ങിയ പ്ലാക്ക് പ്രൊഫ. ഗോപിനാഥ്‌ മുതുകാട് സമ്മാനിച്ചു.

വർണ്ണശബളമായ ഘോഷയാത്രയോടുകൂടി വൈവിധ്യം നിറഞ്ഞ നിരവധി പരിപാടികള്‍ ഉൾക്കൊണ്ടതായിരുന്നു ഇത്തവണത്തെ ഓണാഘോഷം. ചെണ്ട – വാദ്യ മേളങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയിൽ മഹാബലിയെയും വിശിഷ്ടാതിഥികളെയും ഓഡിറ്റോറിയത്തിനുള്ളിലേക്ക് ആനയിച്ചു. പ്രവേശന പാസ് മൂലം നിയന്ത്രിച്ചായിരുന്നു പരിപാടികൾ നടത്തിയത്. ഈ ഓണാഘോഷ പരിപാടികളിൽനിന്നും മിച്ചം കിട്ടുന്ന മൊത്തം തുകയും തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡിഫ്രന്റ് ആർട്ട് സെന്ററിന് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. ചാരിറ്റി പ്രോഗ്രാമിൽ ലഭിച്ച തുക കൈമാറൽ ചടങ്ങിന് കൊച്ചുമോൻ വയലത്ത്, റോയി അയിരൂർ എന്നിവർ നേതൃത്വം നൽകി .

തോമസുകുട്ടി വർഗീസ്, ഫിലാഡൽഫിയ പ്രിസണിലെ ഡെപ്യൂട്ടി കമ്മീഷണർ സേവ്യർ ബ്യുഫോർട്ട് മസോളം, ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ യതി, റവ. എം.കെ. കുറിയാക്കോസ്, റവ. റജി യോഹന്നാൻ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ന്യൂയോർക്ക് പോർട്ട് അതോറിറ്റി പോലീസ് ഉദ്യോഗസ്ഥനും ലുറ്ററന്റ് റാങ്കിലുള്ള ആദ്യത്തെ ഇൻഡ്യാക്കാരനും മലയാളിയുമായ നോബിൾ വർഗീസ്, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയൻ ആർ വി പി ബൈജു വർഗീസ്, ഫോമാ നാഷണൽ കമ്മറ്റി മെമ്പറും ബഡി ബോയ്സ് സ്ഥാപക അംഗവുമായ അനു സ്കറിയാ, മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ആയിരക്കണക്കിന് ഡോളർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിച്ച് കളയാതെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകളെ ഓർത്ത്, നമുക്ക് ദൈവം നൽകിയിരിക്കുന്ന ആ അനുഗ്രഹങ്ങൾ അർഹരായ മറ്റുള്ളവർക്കും കഴിയുന്ന രീതിയിൽ ഉപകാരപ്പെടുത്താൻ ശ്രമിക്കണം എന്ന സന്ദേശമാണ് ബഡി ബോയ്സ് ഓണം എല്ലാവർക്കും നൽകുന്ന സന്ദേശം.

റിപ്പോർട്ട്: ശാലു പുന്നൂസ്