‘തേര്‍ഡ് പാര്‍ട്ടി പോരാ’, ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

0

ചെന്നൈ: വാഹനത്തിന് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കുന്ന ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി. പുതിയ വാഹനം വില്‍ക്കുമ്പോള്‍ ഇത് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഡ്രൈവര്‍, യാത്രക്കാര്‍, വാഹനത്തിന്റെ ഉടമ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് കവറേജിന് പുറമേയാണിത്. സെപ്റ്റംബര്‍ ഒന്നിന് ശേഷം വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് കവറേജ് നിര്‍ബന്ധമാണെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. വര്‍ഷം തോറും ഇത് പുതുക്കണം.അഞ്ചുവര്‍ഷം കഴിഞ്ഞാലും ഡ്രൈവര്‍, യാത്രക്കാര്‍, തേര്‍ഡ് പാര്‍ട്ടി തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വാഹനത്തിന്റെ ഉടമ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ന്യൂ ഇന്ത്യ ആഷുറന്‍സ് കമ്പനി നല്‍കിയ റിട്ട് ഹര്‍ജി അനുവദിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി മാത്രമായതിനാല്‍ വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് മാത്രമാണ് കവറേജ് ലഭിക്കുക എന്ന ന്യൂ ഇന്ത്യ ആഷുറന്‍സ് കമ്പനിയുടെ വാദമാണ് കോടതി അംഗീകരിച്ചത്. കാറിന്റെ ഉടമയില്‍ നിന്ന് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനെ തടയില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

വാഹനത്തിന് പൂര്‍ണ കവറേജ് ലഭിക്കുന്നതാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ്. അപകടം സംഭവിക്കുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്യുമ്പോള്‍ തേയ്മാനം കണക്കാക്കാതെ ചെലവാകുന്ന മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനി വാഹന ഉടമയ്ക്ക് കൈമാറണം. ഇതിന് പ്രീമിയം കൂടൂതലായിരിക്കും