ലോകത്തേറ്റവും തിരക്കേറിയ വിമാനറൂട്ടായ ക്വാലാലംപുരിൽനിന്ന് സിംഗപ്പുരിലേക്ക് ഒരുവർഷം പറക്കുന്നത് 30,000-ലേറെ യാത്രാവിമാനങ്ങൾ.
അതായത് ഒരുദിവസം പറക്കുന്നത് 80-ലേറെ വിമാനങ്ങൾ. വ്യോമയാന രംഗത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ഒഎജി തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നത് 40 ലക്ഷത്തോളം യാത്രക്കാരാണ് ഒരുവർഷം ഈ ചെറിയ റൂട്ടിലൂടെ കടന്നുപോകുന്നു എന്നാണ്. ഹോങ്കോങ്-തായ്‌പേയ് റൂട്ടാണ് സർവീസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 29,000-ത്തോളം വിമാനങ്ങൾ ഈ റൂട്ടിൽ ഓരോ വർഷവും സർവീസ് നടത്തുന്നു. എയർബസ് എ330 വിമാനങ്ങളാണ് ഈ റൂട്ടിലേറെയുമുള്ളത്. രണ്ടാമതായി ബോയിങ് 777 വിമാനങ്ങളും.
സിംഗപ്പുർ-ജക്കാർത്ത റൂട്ടാണ് തിരക്കിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 27,300 വിമാനങ്ങൾ ഒരുവർഷം ഈ റ്ൂട്ടിൽ പറക്കുന്നുണ്ട്. 47 ലക്ഷം യാത്രക്കാരും സിംഗപ്പുരിൽനിന്ന് ജക്കാർത്തയിലേക്കും തിരിച്ചും വർഷം സഞ്ചരിക്കുന്നു. ചൈനയിലെ ഷാങ്ഹായിയിൽനിന്നും ഹോങ്കോങ്ങിലേക്കുള്ള റൂട്ടാണ് നാലാം സ്ഥാനത്ത്. 22,000 വിമാനങ്ങളും 40 ലക്ഷം യാത്രക്കാരും ഈ റൂട്ടിലൂടെ വർഷംതോറും സഞ്ചരിക്കുന്നു.ലോകത്തെ തിരക്കേറിയ ആദ്യ ഏഴ് റൂട്ടുകളും ഏഷ്യയിലാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. എട്ടാം സ്ഥാനത്താണ് ഏഷ്യക്ക് പുറത്ത് പറക്കുന്ന വിമാനറൂട്ട് എത്തുന്നത്. ന്യുയോർക്കിലെ ലാ ഗ്വാർഡിയയിൽനിന്നും ടൊറന്റോ പിയേഴ്‌സണിലേക്കുള്ള റൂട്ടിൽ വർഷം 17,000 വിമാനങ്ങൾ പറക്കുന്നു. ഏറ്റവും കൂടുതൽ വിമാനയാത്രക്കാരുള്ള വിമാനത്തവളം ദുബായ് ആണെങ്കിലും റൂട്ടുകളിൽ ദുബായ്ക്ക് ഒമ്പതാം സ്ഥാനമേയുള്ളൂ. കുവൈത്ത് സിറ്റിയിലേക്ക് വർഷം 15332 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഹോങ്കോങ് -സിംഗപ്പർ റൂട്ട് 15,000 വിമാനങ്ങളോടെ പത്താം സ്ഥാനത്തും നിൽക്കുന്നു.