ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് ലോകത്ത് പതിനൊന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ് സംരംഭമായ ബൈജൂസ് ലേണിങ് ആപ്പിലേക്ക് . ഏറ്റവും അവസാനമായി 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതോടെ ബൈജൂസ് സ്റ്റാർട്ടപ്പിന്റെ മൊത്തം മൂല്യം 1650 കോടി ഡോളറായി ( ഏകദേശം 120832.47 കോടി രൂപ) ഉയർന്നു.
യുബിഎസ് ഗ്രൂപ്പ്, ബ്ലാക്ക്സ്റ്റോൺ, അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യു , സൂം സ്ഥാപകൻ എറിക് യുവാൻ, ഫീനിക്സ് റൈസിങ് – ബീക്കൺ ഹോൾഡിങ്സ് എന്നിവരാണ് ബൈജൂസിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെയാണ് ബൈജൂസ് സംരംഭത്തിന്റെ മൂല്യം 1650 കോടി ഡോളറായി ഉയർന്നത്. 1600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മിനെയാണ് ബൈജൂസ് പിന്നിലാക്കിയത്.
ഏപ്രിലിൽ തുടങ്ങിയ 150 കോടി ഡോളർ നിക്ഷേപം സമാഹരിക്കലിന്റെ ഭാഗമായാണ് ഇപ്പോൾ 350 ദശലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരണമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ബാരൺ ഫണ്ട്സ്, ബി ക്യാപിറ്റൽ ഗ്രൂപ്പ്, എക്സ്എൻ എക്സ്പോണന്റ് ഹോൾഡിങ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് കമ്പനി ഏപ്രിലിൽ 100 കോടി ഡോളർ സമാഹരിച്ചിരുന്നു. ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ (എഇഎസ്എൽ) ഏപ്രിലിൽ 100 കോടി ഡോളറിന് ബൈജൂസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
കണ്ണൂർ അഴീക്കോടു സ്വദേശി ബൈജു രവീന്ദ്രൻ 2015 ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസ് ആപ്പ് ഉപയോഗിച്ച് 80 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. 55 ലക്ഷം പേർ ബൈജൂസ് ആപ്പിന്റെ പെയ്ഡ് സർവീസ് ഉപയോഗിക്കുന്നുണ്ട്. 2020 ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ ബൈജൂസ് ആപ്പിന് 45 ദശലക്ഷം പുതിയ വിദ്യാർഥികളെയാണ് ലഭിച്ചത്.
ബൈജു രവീന്ദ്രന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായാണു തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി പ്രവർത്തിക്കുന്നത്. 2011ൽ തുടങ്ങിയ സംരംഭം 2015 ലാണ് ആപ്പ് രൂപത്തിൽ പുറത്തിറക്കിയത്. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചു വിദ്യാർഥികൾക്കു കുറഞ്ഞ ചെലവിൽ നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.
ബൈജൂസ് ആപ്പിൽ നേരത്തേ ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗ് നിക്ഷേപം നടത്തിയതും വാർത്തയായിരുന്നു. അഞ്ചു വർഷം മുൻപ് സക്കർബർഗും ഭാര്യ ഡോ.പ്രിസില്ല ചാനും തുടക്കംകുറിച്ച ‘ചാൻ–സക്കർബർഗ് ഇനീഷ്യേറ്റീവ്’ 332 കോടി രൂപയാണു നിക്ഷേപിച്ചത്.