എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനം സുപ്രിം കോടതി വിധിക്ക് അനുസൃതമായിരിക്കും എന്ന വ്യവസ്ഥയോടെയാണ് അംഗീകാരം നല്‍കുക. സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ അധ്യാപക ബാങ്ക് വിപുലീകരിക്കും.
മന്ത്രിസഭായോഗത്തില്‍ സ്ഥലമുടമയുടെ സ്വയം സാക്ഷ്യപത്രത്തില്‍ കെട്ടിട നിര്‍മാണം തുടങ്ങാമെന്നും നിശ്ചയിച്ചു. പ്ലാന്‍ ലഭിച്ചാല്‍ അഞ്ച് ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി കൈപ്പറ്റി സാക്ഷ്യപത്രം നല്‍കണം. ഇതായിരിക്കും അനുമതി രേഖയെന്നും സാക്ഷ്യപത്രം തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കുമെന്നും തീരുമാനം.
60 കഴിഞ്ഞ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കും. ക്ഷേമനിധി അംഗം മരണമടഞ്ഞാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കും. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിനും അംഗീകാരം നല്‍കി.
നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി പട്ടികയില്‍പ്പെടുത്തും. തിരുവനന്തപുരത്തെ നാടാര്‍ വോട്ടുകള്‍ അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടാന്‍ തീരുമാനിച്ച മന്ത്രിസഭ യോഗം സി ഡിറ്റിലെ 114 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും റിമോട്ട് സെന്‍സിംഗ് സെന്ററിലെ ഭരണസാങ്കേതിക വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന് 56 ആയി ഉയര്‍ത്താനും തീരുമാനിച്ചു.
മുന്‍ഗണനേതര വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പത്ത് കിലോ വീതം അരി 15 രൂപക്ക് നല്‍കും. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ പാര്‍ക്കിന് ചെമ്പ്ര പീക്കില്‍ 102 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.