പബ്ബും ബ്രൂവറിയും ഉടനില്ല: മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷമാക്കി

0

തിരുവനന്തപുരം: 2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ ലേലം ചെയ്യും. മദ്യ നയത്തിൽ ഡ്രൈ ഡേയിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും തത്ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.

ബാറുകളുടെ വാർഷിക ഫീസ് 28 ലക്ഷം രൂപയിൽനിന്ന് 30 ലക്ഷം രൂപയായി വർധിപ്പിച്ചു. ക്ലബ്ബുകളുടെ ബാർ ലൈസൻസ് ഫീസ് 15 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി. ഈ നിർദേശങ്ങൾ അടങ്ങിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഏപ്രിൽ ഒന്ന് മുതൽ മദ്യനയം പ്രാബല്യത്തിൽവരും.

2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും. തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയര്‍ത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ഡിസ്റ്റിലറി ആന്റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയാകും. ബ്രുവറി ഫീസും ഇരട്ടിക്കും.ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. സംസ്ഥാനത്ത് പബ്ബുകൾ അനുവദിക്കുന്നതിനോട് അനുകൂല നിലപാടാണ് സർക്കാരിന് ഉണ്ടായിരുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ വിവാദം ഒഴിവാക്കണമെന്ന പാർട്ടി നിർദേശം അംഗീകരിക്കുകയായിരുന്നു.