ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിരിക്കുന്നത്.
നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ ബില്ല് പാസ്സാക്കാൻ ശ്രമിക്കുന്നത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും.
നിലവിൽ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.