മലേഷ്യയില്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഉറപ്പാക്കാനും, അര്‍ദ്ധരാത്രിയിലെ സര്‍വ്വീസുകൾ റദ്ദാക്കാനും ആവശ്യം

0

മലേഷ്യയിലെ ഇന്നലെ നടന്ന ബസ് അപകടത്തോടെ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റും, അര്‍ദ്ധരാത്രിയിലെ സര്‍വ്വീസും റദ്ദാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇന്നലെ നടന്ന അപകടത്തില്‍  14പേര്‍ മരിച്ചു. മലേഷ്യയിലെ നോര്‍ത്ത്-സൗത്ത് ഹൈവേയിലാണ് അപകടം ഉണ്ടായത്.  ജോഹോര്‍ ബഹ്രുവില്‍ നിന്ന് ക്വാലാലംപൂരിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറിയ വണ്ടി താഴോട്ട് കൂപ്പുകുത്തുകയായിരുന്നു.
ബസ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തോടൊപ്പം അര്‍ദ്ധരാത്രിയില്‍ എക്സ്പ്രസ് ബസ്സുകള്‍ നിരോധിക്കണമെന്ന ആവശ്യവും ഇതേ തുടര്‍ന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്. റോഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഈ രണ്ട് ആവശ്യങ്ങളും പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കികഴിഞ്ഞു.  അവരുടെ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ്  ഉറപ്പ് വരുത്തേണ്ടത് ബസ് ഉടമകളുടെ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പറ‍ഞ്ഞു.  പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടിലുണ്ടാകുന്ന അപകടങ്ങളെ പറ്റി അന്വേഷിക്കുന്ന പ്രൊഫഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയ്ക്ക് രൂപം കൊടുക്കണമെന്ന്  മലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി റിസര്‍ച്ച് ചെയര്‍മാന്‍ ലീ ലാം തെയ് ആവശ്യപ്പെട്ടു.