കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തി. അക്കൗണ്ട് മരവിപ്പിക്കും മുൻപ് മുഴുവൻ തുകയും പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ മിനിമം ബാലൻസേ നിലവിലുള്ളൂ.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജീഷ് വർഗീസിനെ ചോദ്യം ചെയ്തതിലൂടെയാണ് അക്കൗണ്ട് കാലിയായ വിവരം കണ്ടെത്തിയത്. തട്ടിയെടുത്ത തുകയിൽ ആറര കോടിയോളം രൂപ പ്രതി വിജീഷ്, ഭാര്യ സൂര്യ താര വർഗീസ്, പ്രതിയുടെ അമ്മ, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ നിലവിൽ ഈ നാല് അക്കൗണ്ടുകളും കാലിയാണ്. പണം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയതായി വിജീഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
14 മാസം കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു.
സംശയാസ്പദമായ മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് ജീവനക്കാരനായ വിജീഷ് വര്‍ഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. കനറാ ബാങ്ക് തുമ്പമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരന്‍ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു.
ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍നിന്നുള്ള പണം തിരികെനല്‍കി ഈ പരാതി പരിഹരിച്ചു. തുടര്‍ന്ന് ഫെബ്രുവരി 11-ന് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങി. ഒരുമാസത്തെ പരിശോധന പൂര്‍ത്തിയായപ്പോള്‍ കോടികള്‍ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തില്‍ ഒളിവില്‍ പോയ വിജീഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരിവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.