കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ജപ്തി നോട്ടീസ് പതിച്ച് കാനറ ബാങ്ക്. പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. കെസി സെയ്തലവി എന്നയാളുടെ പേരിലുള്ള കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെട്ട കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിച്ച് കാനറ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു.
കെസി കോക്കനട്ട് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 5.69 കോടി രൂപയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കാനറ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.
60 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസ്. കരിപ്പൂരിലെ സ്വര്‍ണക്കടത്തടക്കമുള്ള കേസുകളില്‍ പ്രതികളെ പിടികൂടുന്ന പ്രധാന പൊലീസ് സ്റ്റേഷനാണ് ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്.