കോഴിക്കോട്: അർബുദം ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിൽ ആയിരുന്ന തലശ്ശേരി സ്വദേശിയെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചു. ബ്രിട്ടനിലെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസിനെയാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെയാണ് പ്രത്യേക എയർ ആംബുലൻസിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്.
മന്ത്രാലയങ്ങൾ നൽകിയ അനുമതി പ്രകാരമാണ് വിമാനത്തിന് ബോംബെ, കരിപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചത്. ബ്രിട്ടണിലെ നോട്ടിംഗ് ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന പ്രസാദിന്‍റെ ചികിത്സ കൊവിഡിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. മലയാളി വാട്സ്ആപ്പ് കൂട്ടായ്മയാണ് തലശേരി സ്വദേശിയായ എഞ്ചിനിയര്‍ പ്രസാദ് ദാസിനെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂരിലെത്തിക്കാൻ ഇടപെട്ടത്. പ്രസാദ് ദാസിന്റെ ദുരിതമറിഞ്ഞ ഡിസ്ട്രസ് മാനേജ്മെന്‍ര് കളക്ടീവ് എന്ന മലയാളി വാട്സ് ആപ്പ് കൂട്ടായ്മ ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ഉറപ്പാക്കുകയായിരുന്നു.
ഗ്രൂപ്പ് രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്സ് കണ്ണന്താനം, ബ്രിസ്റ്റള്‍ ബ്രാഡ്ലി സ്റ്റോക്കിന്‍റെ മേയര്‍ ടോം ആദിത്യയുമായി സംസാരിച്ചു. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കിയാല്‍ എയര്‍ ആംബുലന്‍സ് വിട്ടു നല്‍കാമെന്ന് മേയര്‍ അറിയിച്ചു. കേരളം സമ്മതിച്ചാല്‍മറ്റ് തടസങ്ങളില്ലെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളും നിലപാടറിയിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ ആശയവിനിമയത്തിന് ശേഷം
അടിയന്തരമായി ഉത്തരവിറക്കുകയായിരുന്നു.