തീവണ്ടിക്ക് മുന്നില്‍ സ്വന്തം കളി അവസാനിപ്പിച്ച വി.പി സത്യന്റെ ജീവിതം; സത്യനെ അറിയാത്ത പുതുതലമുറക്ക് പ്രചോദമാകുന്ന ക്യാപ്റ്റന്‍

0

വി.പി സത്യന്റെ ജീവിതം പറയുന്ന ഒരു തീവണ്ടി ക്കീഴില്‍ ആ പ്രതിഭയുടെ ജീവിതം അവസാനിച്ഛതെങ്ങനെയെന്നു പറഞ്ഞു തരുന്ന ക്യാപ്ററന്‍ തിയറ്ററുകളില്‍ വലിയ കയ്യടി നേടുകയാണ്‌. സത്യന്‍ എന്ന കളിക്കാരന്റെ ഫുട്‌ബോളിന് പുറത്തുള്ള  ജീവിതം കൂടിയാണ്  സിനിമയാവുന്നത്. ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് ‘ക്യാപ്റ്റനെ’ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. കളിക്കളത്തിന് പുറത്തുള്ള സത്യനെ അറിയാനുള്ള അവസരമാണ് ക്യാപ്റ്റന്‍ എന്ന ചിത്രം.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു വി. പി സത്യന്‍. അവഗണനകള്‍ കാരണം വിഷാദരോഗത്തിന് അടിമപെട്ട്, 2006 ജൂലൈ 18 ന് ചെന്നൈയില്‍ തീവണ്ടിക്ക് മുന്നില്‍ സ്വന്തം കളി അവസാനിപ്പിച്ചത്. ആരായിരുന്നു സത്യന്‍? എന്നൊരു അന്വേഷണം കൂടിയായിരുന്നു ഈ ചിത്രം. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു സ്‌പോര്‍ട്‌സ് ബയോപിക് വരുന്നത്. അതും ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച നായകനെക്കുറിച്ച്… സത്യന്‍ എന്ന ഫുട്‌ബോളറെക്കുറിച്ച് മാത്രമല്ല, സത്യന്‍ എന്ന വ്യക്തിയെയും സിനിമ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു. വട്ട പറമ്പത്ത് സത്യന്‍ എന്ന വി പി സത്യന്റെ മാനറിസങ്ങളിലേക്ക് എന്തൊരു തന്മയത്വത്തോടെയാണ് ജയസൂര്യ പരകായം നടത്തിയത്.

സിനിമ തുടങ്ങുന്നത് ചെന്നൈയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ്. ഗ്യാലറികളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുന്ന സത്യന്‍… പിന്നെ സിനിമ ഓര്‍മകളിലൂടെയുള്ള സഞ്ചാരമാണ്. കാല്‍പന്തിനെ പ്രണയിച്ച ഒരു കണ്ണൂരുക്കാരന്‍. തെങ്ങിന്‍ തോപ്പുകളിലും പാടത്തും പന്തുതട്ടിയ ബാല്യത്തില്‍ നിന്നും മൈതാനങ്ങളിലേക്ക് ചേക്കേറിയ യൗവ്വനം.

കേരള പൊലീസിന്റെ കളിക്കാരനായിട്ടും ഫുട്‌ബോള്‍ എവിടെയുണ്ടെങ്കിലും സത്യന്‍ പോകും. പൊലീസിനെ ഇഷ്ടമല്ലാത്ത ഫുട്‌ബോളിനെ പ്രണയിക്കാത്ത അനിതയെ സത്യന്‍ കാണുന്നതും. അനിത പിന്നീട് സത്യ െന്റ ജീവിതത്തിലേക്ക് വരുന്നതും ചിത്രം മനോഹരമായി കാണിക്കുന്നുണ്ട്. അനുസിത്താര അനിത സത്യനെ മനോഹരമായിട്ട് അവതരിപ്പിച്ചു. ചെറിയവേഷമാണെങ്കിലും സിദ്ദീഖിന്റെ വേഷവും ശ്രദ്ധേയമായി.പൊലീസ് ജോലിയിലെ പ്രശ്‌നങ്ങള്‍, മേലുദ്യേഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങളാണ് സത്യനെന്ന വ്യക്തിയെ മാറ്റിയത്. പിന്നീട് നിരന്തരമായി പരിക്കിന്റെ പിടിയിലാകുന്ന സത്യന്‍ അവഗണനകളില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്നുണ്ട്.

പക്ഷേ ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കും സത്യന്‍ നടന്നടുക്കുകയായിരുന്നു. കേരള പൊലീസില്‍ നിന്നും ഇന്ത്യന്‍ ബാങ്കിലേക്ക് മാറുന്ന സത്യന്‍. അദ്ദേഹം സ്വയം ഒളിച്ചോടുക അല്ലായിരുന്നു, മറ്റുള്ളവരാല്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സിനിമയുടെ അവസാന രംഗങ്ങളില്‍ തന്റെ ശ്വാസം നിറച്ച പന്ത് മകള്‍ക്ക് നല്‍കുന്ന സത്യനുണ്ട്. ഫുട്‌ബോളിനെയും മൈതാനങ്ങളെയും പ്രണയിക്കുന്ന സത്യനുള്ള സല്യൂട്ടാണ് ഈ സിനിമ.

കാലഘട്ടങ്ങളെ ചിത്രീകരിക്കുമ്പോഴും ഫുട്‌‌‌‌ബോള്‍ ആവേശം കൊണ്ടുവരുന്നതിലും സംവിധായകന് ചെറിയ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതമാണ് സിനിമക്ക് മൂഡ്‌ നല്‍ക്കുന്നത്. സംവിധായകന്‍ ഉദ്ദേശിച്ച അതേ ഫീല്‍ കൊടുക്കാന്‍ സംഗീതത്തിനായി. പാട്ടുകള്‍ പക്ഷെ ശരാശരിയില്‍ ഒതുങ്ങി. എഡിറ്റിംഗിലെ പിഴവുകള്‍ ആവണം രണ്ടാം പകുതിയില്‍ ആസ്വാദനത്തെ മെല്ലെ പോക്കുന്നത്.

റോബി വർഗീസ് രാജ് ആണ് ക്യാമറ ചലിപ്പിച്ചത്‌. മികച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍. കളി മൈതാനങ്ങളിലെ ദൃശ്യങ്ങള്‍ അതിമനോഹരം ആയിരുന്നു.ശുഭകരമായ അവസാനമുള്ള ഒരു ആഘോഷ സിനിമയല്ല ക്യാപ്റ്റന്‍. അത് ആഗ്രഹിക്കുന്നവര്‍ സിനിമക്ക് പോവകുകയും ചെയ്യരുത്. കേരളത്തിന്‌ സന്തോഷ്‌ ട്രോഫിയടക്കം സമ്മാനിച്ച 91 മുതല്‍ 95 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ സുവര്‍ണ്ണ കാലത്തെ നയിച്ച ക്യാപ്റ്റന്‍റെ ജീവിതമാണിത്. അവിടെ കയ്യടിയേക്കാളധികം ഉണ്ടാവുക വൈകാരിക മുഹൂര്‍ത്തങ്ങളാണ്.

സത്യനെ അറിയാത്ത പുതുതലമുറക്ക് പ്രചോദനം ആവട്ടെ സിനിമ. അറിഞ്ഞിട്ടും അവഗണിച്ചവര്‍ക്ക് കുറ്റബോധവും തിരിച്ചറിവും നല്‍കാന്‍ സിനിമക്ക് കഴിയട്ടെ.ഫുട്ബോളിനെയും വി.പി സത്യനെയും ജയസൂര്യയെയും നല്ല സിനിമയെയും ഇഷ്ടപെടുന്ന എല്ലാവരും ക്യാപ്റ്റന്‍ കാണണം.