ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്തു യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ച് ലോക ശ്രദ്ധ നേടിയ ടോം മൂര്‍ (100) കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഞായറാഴ്ചയാണു ബെഡ്‌ഫഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു.
99ാം വയസ്സില്‍ വാര്‍ധകസഹജമായ അവശതകള്‍ നിലനില്‍ക്കെയാണ് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിന് 1000 പൗണ്ട് സമാഹരിക്കാനായി ക്യാപ്റ്റൻ മൂർ കഴിഞ്ഞ വർഷം ‘100 തവണ പൂന്തോട്ടനടത്ത ചാലഞ്ച് നടത്തിയത്.
നടക്കാൻ സഹായിക്കുന്ന ഫ്രെയിമിന്റെ സഹായത്തോടെ വീട്ടുപൂന്തോട്ടത്തിൽ ധനസമാഹരണ ചാലഞ്ച് നടത്തിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തന്റെ വീടിന് മുന്നിലുള്ള പൂന്തോട്ടത്തില്‍ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളില്‍ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാള്‍ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം എന്‍.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നല്‍കാമെന്നും കരുതി. ഇതിതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു.
കൂടിപ്പോയാല്‍ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തെയും ലോകത്തെയും ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 32.8 കോടി യൂറോയാണ്. 1940 കളിൽ ഇന്ത്യയിലും മ്യാൻമറിലും ക്യാപ്റ്റൻ മൂർ സൈനിക സേവനമനുഷ്ഠിച്ചിരുന്നു.