സാന്‍ഹോസെയ്: അടിയന്തര ലാന്‍ഡിങ്ങിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. കോസ്റ്റാറിക്കയിലെ സാന്‍ഹോസെയ് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
ജര്‍മന്‍ ലോജിസ്റ്റിക് ഭീമന്‍മാരായ ഡി.എച്ച്.എല്ലിന്റെ ഉടമസ്ഥതയിലുള്ള ബോയിങ്ങ് 757 വിമാനമാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാര്‍ മൂലമായിരുന്നു വിമാനം അടിയന്തരമായി ഇറക്കിയത്. റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ പുറക് വശം രണ്ടായി പിളര്‍ന്നു.വലിയ പുകയും ഉയര്‍ന്നു.
അപകട സമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും മെഡിക്കല്‍ പരിശോധനയ്ക്കായി ഇവരെ ആശുപത്രയിലേക്ക് മാറ്റി.