കാതറീന്‌ ലക്ഷങ്ങളുടെ കടപ്പാട്!

0

ഇന്ന് കാതറീൻ തെരേസയ്ക്ക് ഒരു മുഖവുര വേണ്ട. “ഞാൻ മനസ്സു വച്ചാൽ ഏതു മേഖലയും കീഴടക്കും” എന്നു പറഞ്ഞു കൊണ്ട് സാൻഡൽവുഡിൽ 2010-ത്തിൽ അരങ്ങേറ്റം. അതേ വർഷം തന്നെ മലയാളത്തിൽ പൃഥ്വിരാജിനോടൊപ്പം ത്രില്ലറിൽ. പക്ഷേ നായികയായെത്തിയ ആദ്യ രണ്ടു ചിത്രങ്ങളും ബോക്‌സോഫീൽ ചിതറിയെങ്കിലും കാതറീൻ പതറിയില്ല. പിന്നെ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാംഭാഗത്തിൽ പല നായികമാരിൽ ഒരാൾ. അതും കഥ മറ്റൊന്നായില്ല. മലയാളിയായ കാതറീന്റെ അഭിനയ മോഹം മല്ലുവുഡിൽ അതോടെ അവസാനിച്ചു. കാലുകുത്തിയ കന്നഡത്തിൽ തന്നെ തൊട്ടടുത്ത വർഷം ആദ്യ ഹിറ്റ് ഗോഡ്ഫാദർ. എങ്കിലും അവിടെ നിന്നും ടോളിവുഡിലേക്കും കോളിവുഡിലേക്കും എത്തിയപ്പോഴാണ് യഥാർത്ഥ വിജയത്തിന്റെ രുചി കാതറീൻ അറിയുന്നത്. അല്ലു അർജുൻ, നാനി എന്നിവരോടൊപ്പം യഥാക്രമം അഭിനയിച്ച ഇതരമ്മായിൽതോയും പൈസയും സൂപ്പർ ഹിറ്റ്. തുടർന്ന് തമിഴിൽ കാർത്തിയോടൊപ്പം അഭിനയിച്ച മദ്രാസ് 2014-ൽ ഏറ്റവുമധികം പണംവാരിക്കൂട്ടിയ ചിത്രമായി മാറി. ടോളിവുഡിൽ കഴിഞ്ഞ വർഷം അല്ലു അർജുനോടൊപ്പം ഒരു എം എൽ എയുടെ വേഷത്തിലെത്തിയ ശരിയനോഡു സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.
ഇങ്ങനെ തെലുങ്കിലും തമിഴിലും മാറിമാറി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കവെയാണ് പത്തു വർഷത്തിനു ശേഷം ചിരഞ്ജീവി അഭിനയിക്കുന്ന 151-മത്തെ ചിത്രമായ കൈദി നമ്പർ 150-ലേക്കുള്ള ക്ഷണം നിരസിച്ചു കൊണ്ട് കാതറീൻ എല്ലാവരേയും ഞെട്ടിച്ചത്. “ടൈപ്പ് ആകാൻ താൽപര്യമില്ലെന്നാ”യിരുന്നു കാതറിന്റെ കൂളായ മറുപടി. 61-കാരന്റെ കൂടെ അലങ്കാരവസ്തുവാകുന്നത് അത്ര കൂളായ അനുഭവമായിരിക്കില്ലെന്ന് കാതറിനും തോന്നിക്കാണും. അതും ഞെട്ടലാകാത്തവർ എന്തായാലും ശരിയനോഡുവിന്റെ സംവിധായകൻ ബോയപ്പട്ടി ശ്രീനു തന്റെ അടുത്ത ചിത്രത്തിൽ കാതറീനെ ഒരു ഐറ്റം നമ്പർ ചെയ്യാൻ കരാർ ചെയ്ത തുക കേട്ട് ശരിക്കും ഞെട്ടി. 65 ലക്ഷം രൂപയ്ക്കാണത്രെ കാതറീൻ ഈ ഐറ്റം നമ്പർ ചെയ്യാൻ സമ്മതിച്ചത്. സമ്മതിപ്പിച്ചതെന്നും ശ്രുതി ഉണ്ട്! എങ്കിലും കാതറീൻ ഉള്ളു തുറന്ന് ഉള്ളതു പറഞ്ഞു, “ആ സംവിധായകനിൽ നിർമ്മാതാവിന് അത്ര കണ്ട് വിശ്വാസം ഉണ്ട്. പിന്നെ എനിക്ക് ആ സംവിധായകനോട് ഒരു കടപ്പാടും ഉണ്ട്.” ലക്ഷങ്ങളുടെ കടപ്പാട്!