വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് വാർത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകളെയാണ് സർക്കാർ വിലക്കിയത്. ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തത്. ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ നടപടി കൈക്കൊണ്ടത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ ആഗസ്റ്റ് 18നും നിരോധിച്ചിരുന്നു. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായാണ് അന്ന് കണ്ടെത്തിയത്. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി.
ഇത്തരം യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക എന്നതായിരുന്നു. ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നു.