പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി

0

ന്യൂഡൽഹി: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് 19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.

വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫ് നാടുകളില്‍ തിരിച്ചു കൊണ്ടുവന്നിരുന്നു.മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഒരോന്നിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വിമാനക്കമ്പനികൾ വാങ്ങിയിരിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ്.

ഇതുമൂലം ന്യൂഡൽഹിയിലേക്ക് അയച്ച മൂന്നു മൃതദേഹങ്ങൾ അബുദാബിയിലേക്ക് തിരിച്ചയച്ചിരുന്നു. കൂടാതെ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാവില്ലെന്നും അറിയിച്ചിരുന്നു. ഡൽഹിയിൽ നിന്ന് അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡൽഹി സ്വദേശികളുടെ മൃതദേഹങ്ങൾ തിരിച്ചയച്ചത്.

ഇന്ത്യൻ എംബസിയുടേതടക്കം അനുമതിയോടെ ഇത്തിഹാദ് കാർഗോ വിമാനത്തിൽ ഡൽഹിയിലേക്കു അയച്ച മൂന്നു മൃതദേഹങ്ങളാണ് അബുദാബിയിൽ തിരിച്ചെത്തിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാൽ പുറത്തിറക്കാനാകില്ലെന്നു ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചതിനെത്തുടർന്നു അതേ വിമാനത്തിൽ തിരിച്ചയച്ചു. ഈ മൃതദേഹങ്ങൾ ഇപ്പോൾ അബുദാബി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

എംബാം ചെയ്തു കഴിഞ്ഞതിനാൽ മോർച്ചറിയിലേക്കു തിരികെ കൊണ്ടുപോകാനാകില്ലെന്നാണ് വിവരം. കായംകുളം സ്വദേശിയുടെ മൃതദേഹവും എംബാമിങ്ങിനു ശേഷം നാട്ടിലേക്കയക്കാനാകാത്തതിനാൽ ദുബായ് വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തിലും എംബാമിങ്ങിനു ശേഷം രണ്ടു മലയാളികളുടെ മൃതദേഹം നാട്ടിലേക്കു അയക്കാനാകാതെ സൂക്ഷിച്ചിട്ടുണ്ട്. സൗദി, ഖത്തർ തുടങ്ങി മറ്റു ഗൾഫ് രാജ്യങ്ങളിലും മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതിനു അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു.

മൃതദേഹങ്ങൾ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്‍ഫ് നാടുകളിലും കുടുങ്ങിക്കിടക്കുകന്നതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. ഇതേത്തുടർന്നാണ് നടപടി. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാം. രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന കോവിഡ്-19 പ്രതിരോധ മാര്‍ഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.