കോവിഡ് വ്യാപനം രൂക്ഷം: കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘം

0

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,635 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 8 മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കോവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും കേരളത്തിലും കേന്ദ്രസംഘം വീണ്ടും സന്ദർശനം നടത്തും. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്. സംസ്ഥാനങ്ങളിലെ പ്രതിരോധ നടപടികളുണ്ടായ വീഴ്ചകൾ കേന്ദ്രസംഘം പരിശോധിക്കും. സംഘത്തിൽ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരും ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ വിദഗ്ധരും ഉണ്ടാകും.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,07,66,245 ആയി. ഒറ്റ ദിവസത്തിനിടെ 94 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,54,486. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവില്‍ 1,63,353 പേർ ചികിത്സയിലാണ്. ഇതുവരെ 1,04,48,406 പേർ രോഗമുക്തരായി. ഏറ്റവും കുടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 20,28,347 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 9,39,775 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ ആകെ 9,32,637 കേസുകളും ആന്ധ്രാപ്രദേശിൽ 8,87,900 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 8,38,842 പേർക്കാണ് രോഗം.