ബജറ്റ്2024:ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാർ

0

ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ സ്വപ്ന പദ്ധതിയായ അമരാവതി വികസനത്തിന് പുത്തനുണർവ്വു നൽകുന്നതാണ് ഈ പ്രഖ്യാപനം. ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ തുകയും സംസ്ഥാനത്തിന് കൈമാറുമെന്നും വരും വർഷങ്ങളിലും പ്രത്യേക സാമ്പത്തിക പിന്തുണ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിശാഖപട്ടണം-ചെന്നൈ-ഓർവക്കൽ-ഹൈദരാബാദ് വ്യവസായ ഇടനാഴിയും ആന്ധ്രാപ്രദേശിനെ ഭാഗികമായി ഉൾക്കൊള്ളുന്ന ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴിയും സ്ഥാപിക്കും. രായലസീമ, പ്രകാശം, മറ്റ് വടക്കൻ ജില്ലകൾ എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക പിന്നാക്ക മേഖല ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പോളവാരം പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രം ഫണ്ടും സഹായവും നൽകും. റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിന് പുറമേ പുതിയ റോഡുകളും ജല പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിന് ഫണ്ടും നൽകും. 2014ലെ ആന്ധ്രാ പ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റാൻ കേന്ദ്രം സഹായിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

ബിഹാറിലെ റോഡ് വികസന പദ്ധതികള്‍ക്കായി 26,000 കോടിയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികല്‍ക്കും പുനരധിവാസത്തിനും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ആദായ നികുതി സ്കീം പ്രകാരം ഇളവിനുള്ള പരിധി 50000ത്തിൽ നിന്ന്75000 രൂപയാക്കി ഉയര്‍ത്തി. മൊബൈല്‍ ഫോണിനും ചാര്‍ജറിനും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ ഇവയുടെ വിലയും കുറയും. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറയ്ക്കും. ഇവയുടെ വിലയും കുറയും.

അഞ്ച് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി തയാറാക്കിയതിന്‍റെ പ്രയോജനവും ഝാർഖണ്ഡിനെയും പശ്ചിമ ബംഗാളിനെയും ഒഡീശയെയും അപേക്ഷിച്ച് കൂടുതൽ ലഭിക്കാൻ പോകുന്നത് ആന്ധ്രയ്ക്കും ബിഹാറിനും തന്നെ. ചുരുക്കത്തിൽ, പ്രത്യേക സംസ്ഥാന പദവി തത്വത്തിൽ നിരാകരിക്കപ്പെട്ടെങ്കിലും, കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ എന്ന അലിഖിത പദവി ഇപ്പോൾ ബിഹാറിനും ആന്ധ്രയ്ക്കും ലഭ്യമായിരിക്കുന്നു.

ബിഹാറിന്‍റെ ദീർഘകാല ആവശ്യമാണ് പ്രത്യേക സംസ്ഥാന പദവി. ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതു മുതൽ ആന്ധ്രയിൽ നിന്നുള്ള നേതാക്കളും പ്രത്യേക പദവി ആവശ്യപ്പെട്ടു വരുന്നു. എന്നാൽ, പിന്നാക്കാവസ്ഥ ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ ഇരു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ബജറ്റ് സമ്മേളനത്തിനു മുൻപു തന്നെ, ബിഹാറിനു പ്രത്യേക പദവി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. നിതീഷ് കുമാറിനും അദ്ദേഹത്തിന്‍റെ പാർട്ടിയായ ജെഡിയുവിനും കനത്ത തിരിച്ചടിയാണിതെന്ന വിലയിരുത്തലുകളുമുണ്ടായി.