ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3. ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‍തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണഫലങ്ങളാണ് ലഭിച്ചു തുടങ്ങിയത്.
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.
ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത്. മേൽമണ്ണിൽ 60 ഡിഗ്രിവരെ ചൂടെന്ന് കണ്ടെത്തിയ പേലോഡ് 8 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ച് വിവിധ ഘട്ടങ്ങളിലായുള്ള താപനില പ്രത്യേകം രേഖപ്പെടുത്തി. ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം. വിവിധ ആഴങ്ങളിലുള്ള താപനില സംബന്ധിച്ച ചാർട്ട് ഐഎസ്ആർഒ പുറത്തുവിട്ടു. ഓരോ സെന്റിമീറ്റർ താഴ്ചയിലും ചൂട് കുറയുകയാണെന്ന് ചന്ദ്രയാൻ–3 രേഖപ്പെടുത്തി. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.