20 മാസത്തെ നീണ്ടകാത്തിരിപ്പിന് ശേഷമാണ് സിംഗപ്പൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ആദ്യ നേരിട്ടുള്ള വിമാനം നവംബർ 29 ന് കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങിയത്. പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായിട്ടാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിന്റെ നേതൃത്തത്തിൽ ഈ വിമാനസർവീസ് പുനഃസ്ഥാപിച്ചത്.
സിംഹ നഗരിയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് തിരഞ്ഞെടുത്ത വിമാനങ്ങൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത നിലനിൽക്കുന്ന ഈ ഒരു സാഹചര്യത്തിൽ സിംഗപ്പൂരിൽ കുടുങ്ങിയ നിരവധി മലയാളികൾക്ക് ഏറെ ആശ്വാസകരമായ ഒരു വാർത്തതന്നെയായിരുന്നു.
സിംഗപ്പുരിൽ നിന്ന് എത്തുന്നവർ കൊച്ചി വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. ഇവർക്ക് 7 ദിവസത്തെ ക്വാറന്റീനുണ്ട്. എട്ടാംദിനം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീൻ തുടരണമെന്നിങ്ങനെയായിരുന്നു യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ എന്നാൽ, സർവീസുകൾ പുനരാരംഭിച്ച് 2 ദിവസത്തിനകം, സിയാൽ വിമാനത്താവളത്തിൽ യാത്രക്കാരായ പ്രവാസികൾക്ക് നേരിടേണ്ടിവന്നത് നിരാശാജനകമായ അനുഭവങ്ങളാണ് യാത്രക്കാർ ഇപ്പോൾ പ്രവാസി എക്സ്പ്രസ്സിനോട് പങ്കുവെച്ചിരിക്കുന്നത് .
ഇമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം ഒട്ടും ആസൂത്രിതമല്ലാത്ത രീതിയിലാണ് അധികൃതർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. കൃത്യമായ ഐസൊലേഷൻ സൗകര്യങ്ങൾ ഇല്ലാതെ വിവിധ രാജ്യങ്ങളിൽനിന്നും വന്ന യാത്രക്കാരെ ഒരേ ഇടങ്ങളിലാക്കുകയും, ആർ ടി പി സി ആർ പരിശോധനയ്ക്ക് ചുരുങ്ങിയത് 5 മണിക്കൂർ കാത്തിരുന്ന ശേഷമാന് പരിശോധന ഫലം ലഭ്യമായത്.
ആദ്യ വിമാനത്തിൽ നിർബന്ധമാക്കിയിട്ടില്ലാത്ത, പുതുക്കിയ കോവിഡ് കൺട്രോൾ പ്രോട്ടോക്കോളുകൾ കാരണം അവർക്ക് എയർപോർട്ട് പരിസരത്ത് നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. പ്രായമായവർക്കും കുട്ടികൾക്കും വെള്ളം കുടിക്കണോ വിശപ്പകറ്റാനോ പോലും സൗകര്യമില്ലാതെ മണിക്കൂറുകൾ കാത്തുനിന്ന ശേഷം യാത്രക്കാർ പ്രകോപിതരാകാൻ തുടങ്ങിയതോടെയാണ് വിമാനത്തിൽ വന്നവർക്ക് ഒരു ഗ്ലാസ് ചായപോലും നൽകിയതെന്നും സാങ്കേതിക പ്രോട്ടോക്കോളുകളോ, സുരക്ഷിതമായ രീതികളോ ഇല്ലാതെ വീണ്ടും പരിശോധനയ്ക്കായി എന്ന പേരിൽ യാത്രക്കാരിൽനിന്നും ചില ക്രമരഹിത സാമ്പിളുകൾ എടുക്കുകയും ചെയ്തുവെന്നും യാത്രക്കാർ പ്രവാസി എക്സ്പ്രസ്സിനോട് പറഞ്ഞു.
അധികാരികൾ വ്യക്തമായ ആസൂത്രണമോ, തയ്യാറെടുപ്പുകളോ ചെയ്യാത്തതിന്റെ അഭാവം മൂലം സ്വന്തം രാജ്യത്ത് മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാക്ക് ഇത്തരത്തിലുള്ള കൊടിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നത്. ഇത് അങ്ങേയറ്റം നിരാശാജനകമായ ഒരാവസ്ഥയാണെന്നും ഇത്തരമൊരവസ്ഥയിലേക്ക് പ്രവാസിയാത്രക്കാരെ കൊണ്ടെത്തിച്ചതിന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് യാത്രക്കാരോട് പരസ്യമായി മാപ്പുപറയണമെന്നും യാത്രക്കാർ പ്രവാസി എക്സ്പ്രെസ്സിനോട് വ്യക്തമാക്കി.