മായ കൊണ്ട് കാണാക്കൂട് വച്ച് മഞ്ജു വാര്യർ ; ചതുർമുഖത്തിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

0

മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറർ ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന മഞ്ജു വാര്യർ – സണ്ണി വെയ്ൻ ചിത്രം ചതുർമുഖത്തിലെ ‘മായ കൊണ്ട് കാണാക്കൂട് വച്ച്..’ എന്ന ഗാനം പുറത്തിറങ്ങി. ഡോൺ വിൻസെന്റ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനാണ്. മനു മഞ്ജിതാണ് വരികൾ ഒരുക്കിയിരിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രിൽ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും.

ഫിക്ഷന്‍ ഹൊററിന്‍റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. ഭയത്തിന്‍റെ മുഖ്യകാരണം ആധുനികശാസ്ത്രവും ടെക്നോളജിയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ഈ ജോണറില്‍ വരുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് ഫിലിം മേക്കേര്‍സാണ് ഈ ജോണറിലെ സിനിമകള്‍ എടുത്തിട്ടുള്ളത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന “ചതുര്‍മുഖം”, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.