കൊച്ചി: ചവറ എം.എല്‍.എ എന്‍ വിജയന്‍പിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ.
ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർഎസ്പി ഇതര എംഎൽഎ ആണ് എൻ. വിജയൻ പിള്ള. 1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയൻ പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്നാണ് വിജയൻ പിള്ള രാഷ്ട്രീയത്തിലെത്തിയത്. 28-ാം വയസില്‍ രാഷ്ട്രീയത്തിലെ ആദ്യ അങ്കം.
മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തില്‍ നിയമസഭയിലെത്തി. ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ചവറയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. തേവലക്കര ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ബേബി ജോണിന്റെ വിശ്വസ്തനായി ആര്‍എസ്പിയിലുണ്ടായിരുന്ന വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലെത്തി.
കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരന്‍ കോണ്‍ഗ്രസിലെത്തിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി. മദ്യനയവിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനുമായുണ്ടായ ഭിന്നതയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസ് വിട്ടത്. അതിന് ശേഷം സിഎംപിയില്‍ ചേര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.
ഭാര്യ: സുമ, മക്കള്‍:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍.