വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്നു പരിശോധിക്കാം; പേരു ചേർക്കാനും അവസരം

0

ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്നറിയാമോ. ഓൺലൈനിലൂടെ വളരെ എളുപ്പത്തിൽ ഇക്കാര്യം സ്ഥിരീകരിക്കാം. മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ചേർക്കാനുള്ള അവസരമുണ്ട്. https://electoralsearch.eci.gov.in/ എന്ന ലിങ്കിൽ കയറിയതിനു ശേഷം മൂന്നു രീതിയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം.

വിശദാംശങ്ങൾ നൽകി തിരയാം:

നിങ്ങളുടെ പേര്, പിതാവിന്‍റെ അല്ലെങ്കിൽ ഭർത്താവിന്‍റെ പേര്, വയസ്സ്, ജനനത്തിയതി, ലിംഗം, സംസ്ഥാനം, ജില്ല, നിയമസഭാ നിയോജക മണ്ഡലം എന്നിവ നൽകിയതിനു ശേഷം താഴെയുള്ള കാപ്ച കൃത്യമായി നൽകി സെർച്ച് ബട്ടണിൽ ക്ലിക് ചെയ്യുക. പട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ താഴെ വിവരങ്ങൾ കാണിക്കും.

ഇപിഐസി നൽകി തിരയാം

ലിങ്കിൽ കയറിയതിനു ശേഷം സംസ്ഥാനവും ഭാഷയും സെലക്റ്റ് ചെയ്യുക. അതിനു ശേഷം ഇപിഐസി നമ്പർ ( നിങ്ങളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിൽ നൽകിയിരിക്കുന്ന നമ്പർ) സംസംസ്ഥാനം, എന്നിവ നൽകി സെർച്ച് ബട്ടൺ ക്ലിക് ചെയ്യുക.

മൊബൈൽ നമ്പർ നൽകി തിരയാം

ലിങ്കിൽ കയറി സംസ്ഥാനവും ഭാഷയും തെരഞ്ഞെടുക്കുക. അതിനു ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി താഴെ തെളിയുന്ന കാപ്ച കൂടി കൃത്യമായി നൽകി സെർച്ച് ബട്ടൺ ക്ലിക് ചെയ്താലും പട്ടികയിൽ പേരുണ്ടോ എന്നു കണ്ടെത്താം.

https://voters.eci.gov.in/ എന്ന ലിങ്കിലൂടെ ഓൺലൈനായി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിക്കും. വേണമെങ്കിൽ ഇതേ സൈറ്റിൽ നിന്ന് ഫോം 6 എന്ന അപേക്ഷാ ഫോം ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം നേരിട്ട് ഇലക്റ്ററൽ രജിസ്ട്രേഷൻ ഓഫിസർക്ക് അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫിസർക്ക് സമർപ്പിക്കാനും സാധിക്കും. തപാൽ വഴിയും അപേക്ഷ സമർപ്പിക്കാൻ കഴിയും.

തിരുത്താനും അവസരം

നിങ്ങളുടെ പേരോ വിലാസമോ തിരുത്തണമെങ്കിൽ ഫോം 8 എ ഉപയോഗിച്ച് തിരുത്താവുന്നതാണ്. ഇനിയിപ്പോൾ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഫോം 7 പൂരിപ്പിച്ച് നൽകിയാൽ സാധ്യമാകും.