ലോകപ്രശസ്ത പാചക വിദഗ്ധൻ ഫ്ലോയിഡ് കാർഡോസ് (59)കൊറോണ വൈറസ് ബാധിച്ച് മരിച്ചു. മാർച്ച് 18 നാണ് കാർഡോസിന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച ന്യൂയോർക്കിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യമെന്നു ബന്ധുക്കൾ അറിയിച്ചു.
മുംബൈയിലെ പ്രമുഖ റസ്റ്ററന്റുകളായ ‘ദ് ബോംബെ കാന്റീൻ’, ‘ഓ പെഡ്രോ’ എന്നിവയുടെ സഹയുടമയാണ് ഫ്ലോയിഡ് കാർഡോസ്. ദ് ബോംബെ സ്വീറ്റ് ഷോപ്പ് എന്ന പേരിൽ ഒരു സംരംഭവും ഈ മാസം ആദ്യം ആരംഭിച്ചിരുന്നു.
മാർച്ച് 8 വരെ കാർഡോസ് മുംബൈയിലുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ നിന്നും ഫ്രാങ്ക്ഫുർട്ട് വഴി ന്യൂജേഴ്സിയിലെത്തി. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
മാർച്ച് 1 ന് ബോംബെ കാന്റീന്റെ അഞ്ചാം വാർഷികാഘോഷം മുംബൈയിൽ നടന്നിരുന്നു. നിരവധി പേർ ഈ വിരുന്നിൽ പങ്കെടുത്തത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതായി ബോംബെ കാന്റീൻ ഉടമസ്ഥ കമ്പനിയായ ഹങ്കർ ഇൻകോർപ്പറേറ്റഡ് അറിയിച്ചിരുന്നു. വിരുന്നിൽ പങ്കെടുത്തവരെയും നിരീക്ഷിച്ചുവരികയാണ്.
കാർഡോസുമായി ഇടപെട്ടവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹങ്കർ ഇൻകോർപ്പറേറ്റ് അറിയിച്ചു.2011 ൽ പാചക റിയാലിറ്റി ഷോ ആയ Chef Masters Season 3 വിജയിയായിരുന്നു കാർഡോസ്.