തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗം വന്നവരിൽ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.
സംസ്ഥാനത്ത് 1,57,253 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 156660 പേർ വീടുകളിൽ. 623 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനം നേരത്തെ പറഞ്ഞിരുന്നല്ലോ, ഇതിൽ നടപടികൾ പുരോഗമിക്കുകയാണ്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.