തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ . 21 പേര്‍ വിദേശത്തുനിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്.
കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്,ഇടുക്കി ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇവര്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും .മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 130 പേർ ഇപ്പോൾ ചികിൽസയിലാണ്. 67789 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്. ഇന്ന് 127 പേർ ആശുപത്രിയിലെത്തി.
ഇതുവരെ 45,905 സാംപിളുകൾ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 5,154 സാംപിളുകൾ ശേഖരിച്ചതിൽ 5082 നെഗറ്റീവായി, 29 ഹോട്സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്സ്പോട്ടുകൾ പുതുതായി വന്നു.മേയ് 31 വരെ കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.