സംസ്ഥാനത്ത് 42 പേർക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് ഇന്ന്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം.

ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.വിദേശത്തുനിന്ന് വന്ന 17 പേര്‍ കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.

മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 39 പേര്‍. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. 216 പേര്‍ ചികിൽസയിലുണ്ട്. 84258 പേർ നിരീക്ഷണത്തിലുണ്ട്. 83649 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 49535 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.